വിഭ്രമം.
ഇത്തിരി നിറം മങ്ങിയ ചുവരിനപ്പുറത്താണ്, നിശ്ചിത സമയക്രമമൊന്നും പാലിക്കാതെ,അപ്രതീക്ഷിതമായി പലപ്പോഴും,അമ്മയുടെ കണ്ണുകൾ പ്രത്യക്ഷപ്പെടുക. ചിലപ്പോൾ ഇമകൾ വെട്ടിയും, ചിലപ്പോൾ നിർന്നിമേഷമായും, മറ്റുചിലപ്പോൾ പാതിയടച്ചും .....എന്തൊക്കെയോ കാഴ്ചകൾക്ക് കാത്ത് നിൽക്കും.മകളുടെ ഇനിയും പൂർത്തിയാക്കാത്ത പെൻസിൽ ചിത്രത്തിന് മിഴിവേകാൻ നിറങ്ങൾ സമ്മാനിക്കാൻ അവ തത്രപ്പെടും പോലെ തോന്നും. മുറിയിൽ കടുംപച്ച നിറമുള്ള കഴുത്ത് നീണ്ട കുപ്പിയിൽ,പണ്ട് മകൾ പറഞ്ഞ രഹസ്യം ,ഒരിലയുള്ള ചെടിക്കൊപ്പം മുക്കിവച്ചത് തിരയുമ്പോൾ, അമ്മയുടെ ഇത്തിരി വരണ്ട കണ്ണുകൾ ഇളകിയാടി.അവളുടെ ഇടതൂർന്ന ചുരുളൻ മുടിയുടെ അറ്റത്ത്,മുത്തുപതിച്ചൊരു കുഞ്ചലം പോലെ ഞാന്നു കിടന്നാടാൻ അമ്മയുടെ കണ്ണുകൾക്കപ്പോൾ മോഹം തോന്നി.അദൃശ്യമായ വിടവിന്റെ ഒരുഭാഗത്ത് നിന്ന്,മറുപുറത്തേക്ക് നടന്നുകയറാനായി കണ്ണുകളപ്പോൾ, ദൂരം അളക്കാൻ തുടങ്ങി.
No comments:
Post a Comment