"ധനുമാസത്തിൽ തിരുവാതിര, ഭഗവാൻ തന്റെ തിരുനാളല്ലോ"പാട്ടുപാടി തുടിച്ചു കുളിച്ചു .കറുത്ത ചാന്തുകൊണ്ട് പൊട്ടുകുത്തി, മുക്കുറ്റി നീരുകൊണ്ടു കുറിവരച്ചു. തേച്ച് മിനുക്കിയ എഴുതിരിയിട്ട നിലവിളക്ക് സ്വർണ്ണം പോലെ തിളങ്ങുന്നു.ഇന്ന് പാതിരാപ്പൂ ചൂടി, 101 വെറ്റില മുറുക്കി, നെടുമംഗല്യത്തിനായി പ്രാർത്ഥന.രാത്രി, ആടിപ്പാടി നൃത്തം ചെയ്യാൻ വരുന്ന ചോഴികളെ കാത്തിരിക്കാം.പുലർച്ചെ കുളിച്ച് വന്ന്, പുത്തനുടുത്ത്, ഇളനീർ വെള്ളത്തിൽ കൂവപ്പൊടി കലക്കിയതും, ചെറുപഴവും കഴിച്ച്, ഊഞ്ഞാലാടാം.പ്രാതലിന് കൂവപ്പായസവും, പപ്പടവും, പുഴുക്കും.അതുകഴിഞ്ഞാൽ, തിരുവാതിരക്കളി. ബഹുനിലക്കെട്ടിടത്തിന്റെ ചില്ല് ജാലകത്തിലൂടെ ആതിര നിലാവ്, ഒരുപാട് പറഞ്ഞുകൊണ്ട് , എത്തിനോക്കുന്നു. പ്രായം മറന്ന്, ബാൽക്കണിയിൽ ഒരു ഊഞ്ഞാൽ കെട്ടാൻ പറ്റുമോ എന്ന് നോക്കട്ടെ....ആണ്ടറുതികൾ ആഘോഷിക്കാതെങ്ങിനെ?
No comments:
Post a Comment