Tuesday, October 19, 2021

 "ഗൗരമ്മയുടെ വീട്." തെളിഞ്ഞ ആകാശത്തിൽ തെന്നിനീങ്ങുന്ന മേഘങ്ങൾ പോലെ നിമിഷനേരം കൊണ്ട് രൂപാന്തരം പ്രാപിക്കുന്ന ചിലതുണ്ട്.എണ്ണിത്തീരാത്ത അക്കങ്ങളായി അവശേഷിക്കുന്ന അനുഭവങ്ങൾ.ഇന്നലെ ഒറ്റപ്പെട്ട സായാഹ്നത്തിൽ മുഖംമറച്ച് ഒപ്പമുണ്ടെന്നു വെറുതെ നിരീക്കുന്ന എന്തിനെയോ നിനച്ചിരിക്കുമ്പോളാണ്, ഗൗരമ്മ മുട്ടിവിളിച്ചത്.ഒരു വീട് പണിയണം.ഇടക്ക് കാണുമ്പോഴൊക്കെ അവൾ പറയും.വൃക്ഷങ്ങൾ നിറഞ്ഞ വലിയ വളപ്പിനുള്ളിലെ തികച്ചും വൃത്തിഹീനമായ അസൗകര്യങ്ങൾ മാത്രമുള്ള വീട്ടിൽ, വഴിതെറ്റിപ്പോലും കടന്നുവരാത്ത എന്തിനെയോ എത്തിപ്പിടിക്കാൻ ശ്രമിച്ച് പരാജയപ്പെടുമ്പോഴാണ്,വ്യാകുലതയോടെ പുതിയ വീടിന്റെ ചിന്തയിൽ ഗൗരമ്മ മയങ്ങിവീഴുക.പശുക്കളും മനുഷ്യരും ഒന്നിച്ചുപാർക്കുന്ന വീടിന്റെ മച്ചിലൊക്കെ എട്ടുകാലികൾ വല നൈയ്തിരിക്കുന്നു.ചെറുപ്പം മുതൽ കടിഞ്ഞാണിട്ട മനസ്സുമായാണ്, ഇന്നും അപരിചിതനെപ്പോലുള്ള വ്യക്തിയുടെ ആദ്യഭാര്യയിലെ മക്കളുടെ അമ്മയായി അവൾ അവരോധിക്കപ്പെട്ടത്.17 വയസ്സുള്ള പെണ്കുട്ടികൾ സ്വന്തം വീട്ടിൽ കഴിയുന്നത് മഹാപരാധമായി കണക്കാക്കിയിരുന്ന സമൂഹത്തിലെ ഒരു സാധാരണ കുടുംബത്തിലെ ഇളയകുട്ടിയായിരുന്നു, ഗൗരമ്മ.കലാകാരനായ,വായനപ്രിയനായ ഭർത്താവ്,അവളെ അതീവജാഗ്രതയോടെ അതിരുകൾക്കുള്ളിൽ തളച്ചിട്ടു.ആത്മധൈര്യം നഷ്ടമായ ജന്മവുമായി താദാത്മ്യം പ്രാപിച്ചിട്ടും,മനസ്സു തെളിയുന്ന ചില അപൂർവ്വനിമിഷങ്ങളിൽ പുതിയ വീടിന്റെ ചിത്രം, അവൾ വരക്കാൻ ശ്രമിച്ചു. മറന്നുവച്ച സ്വപ്നങ്ങൾക്ക് പാറിവരാൻ വലിയൊരു ജനാലയുള്ള മുറിവേണം.ഒഴുകിവരുന്നകാറ്റിൽ എവിടെയോ മറന്നുവച്ച പൂവിന്റെ ഒരിതൾ പറന്നുവരണം. പുറത്തെ മരത്തിലിരുന്നു ചിലക്കുന്ന പക്ഷിയെ ഇത്തിരിനേരം നിരീക്ഷിക്കണം.വിവാഹത്തിന് ലഭിച്ച രണ്ടിഴയുള്ള,ഇടക്കുമാത്രം സ്വർണ്ണമണികളുള്ള മുത്തുമാലയണിഞ്ഞു,കണ്ണെഴുതി,വെറുതെ നോക്കിനിൽക്കാൻ ചുവരിൽ ഒരു കണ്ണാടി തൂക്കിയിടണം. നിറം മങ്ങിയ ചേല ഊരിയെറിയണം. യൗവ്വനം വിടപറഞ്ഞ സ്വന്തം ശരീരത്തെ, മുറിയിലേക്കെത്തിനോക്കുന്ന പോക്കുവെയിലിൽ ഒന്ന് വിരിച്ചിടണം.കരിമണിമാലയുടെ വിധേയത്വത്തെയും, കാൽവിരലിലെ മോതിരങ്ങളേയും ഊരിമാറ്റി ചില നിശ്ചയങ്ങൾ മുറുകെപ്പിടിക്കണം. വീട് എങ്ങിനെയാണ്പണിയുക.ഒറ്റ കരിങ്കല്ലിട്ട് അസ്ഥിവാരം പണിയാനാകുമോ."എന്താണ് അന്തം വിട്ടിരിക്കുന്നത്.ചൂടോടെ റാഗിമുദ്ദ വിളമ്പിത്തരണമെന്ന് എന്നും പറയണോ.ഭർത്താവിന്റെ സേവ ചെയ്യണമെന്നത് കർത്തവ്യമാണെന്ന് ആരും പറഞ്ഞു തന്നിട്ടില്ലേ." ഗൗരമ്മയുടെ വീടിനിപ്പോൾ രൂപമില്ല.പഴയവീടിന്റെ മരയഴി വീണുപോയ ജനലിലൂടെ ഒരു നിശാശലഭം പറന്നുവന്നു ചുറ്റിക്കറങ്ങി തിരിച്ചുപോയി. വെളുക്കുവോളം, നന്നായി ആകാശം കാണാനായി, അവശേഷിച്ച രണ്ട് മരയഴികൾകൂടി പിഴുതെടുത്ത് പുറത്തേക്കെറിഞ്ഞു.മേൽവിലാസം എഴുതാത്ത ഒരു ഇൻലന്റെടുത്ത്, മുഖവുരയില്ലാതെ എന്തൊക്കെയോ എഴുതി മുറുകെപ്പിടിച്ച്‌ എളുപ്പത്തിൽ ആ ജനലിലൂടെ ഗൗരമ്മ നൂഴ്ന്നിറങ്ങി.ഒരുകൂട്ടം മിന്നാമിന്നുകൾ അപ്പോൾ ഒരു വീടിന്റെ ആകൃതിയിൽ അവളെ വന്ന് പൊതിഞ്ഞു.

No comments:

Post a Comment