Tuesday, October 19, 2021

പടി കടന്നെത്തിയവർ.

ചിലത് ഒക്കെ മറവിയിൽ അലിയാതെ ഒപ്പം നടക്കും.തെളിഞ്ഞു വരികയും ചെയ്യും.ഇന്നെന്തോ അങ്ങനെ പടി കടന്നെത്തിയവരെ ഓർമ്മവരുന്നു.തെക്കേമുറ്റത്തേക്കു തുറക്കുന്ന തുറന്ന വരാന്തയിലെ തിണ്ണയിലിരുന്നാൽ, വീട്ടിലേക്കിറങ്ങാനുള്ള പടി കാണാം.മരങ്ങൾ തിങ്ങിനിറഞ്ഞ വളപ്പിനുള്ളിലെ വീട്ടിൽ, നാനാതരത്തിലുള്ള കിളികളും, ജീവികളും,ഇടക്ക് പ്രത്യക്ഷപ്പെടുന്ന പാമ്പുകളും വിരുന്നുകാരായി വന്നെത്തും.എന്റെ പ്രിയപ്പെട്ട ഇരിപ്പിടമായിരുന്നു ആ വരാന്ത.ബാല്യകൗമാരങ്ങളിൽ വന്നെത്തിയ, ഇന്നും ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്ന വ്യത്യസ്തരായ പലരിൽ ചിലരെക്കുറിച്ച്‌ കുറിക്കട്ടെ.വൃദ്ധനായ, ഉയരം കുറഞ്ഞ, തീരെ മെലിഞ്ഞ,വെളുത്ത മുണ്ടുടുത്ത,കളഭക്കുറിയും കുങ്കുമവും തൊട്ട്, സുസ്മേരവദനനായി"കണികാണും നേരം കമലനേത്രന്റെ" എന്ന് ഈണത്തിൽ പാടി പടിയിറങ്ങി വരുന്ന ഒരാൾ."കുട്ടീ, അമ്മയോട് ധർമ്മം തരാൻ പറയൂ".തോളത്ത് ചരടിൽ തൂക്കിയിട്ട അലുമിനിയ പാത്രത്തിൽ അരി ഇട്ടുകൊടുക്കുമ്പോൾ തലക്ക് മീതെ കൈവച്ച് നന്നായി വരട്ടെ എന്നാശിർവദിച്ചു സന്തോഷത്തോടെ തിരിച്ച് പോകുന്ന ആൾ,ആരായിരുന്നു? മഴക്കാലത്ത് പടികടന്നെത്തി, വരാന്തയുടെ അറ്റത്ത് വൈക്ലബ്യത്തോടെ ഇടക്കിടക്ക് മഴതോരുന്നുണ്ടോ എന്ന് നിരീക്ഷിച്ച്,ഹതാശനായി "ഇന്ന് അധികം നടക്കാൻ പറ്റും എന്ന് തോന്നുന്നില്ല.അത്താഴത്തിന്റെ കാര്യം വിഷമാവും"എന്ന് ആത്മഗതം ചെയ്യുന്ന ഒരാൾ അമ്മയോട് ഇത്തിരി കഞ്ഞി തരാൻ പറയൂ കുട്ടീ, എന്നാവശ്യപ്പെടും. ചെറുതായി ഭയം ജനിപ്പിക്കുന്നവരും എത്താറുണ്ട്.കറുത്ത് നല്ലഉയരമുള്ള ദൃഢഗാത്രനായ ചെറുപ്പക്കാരൻ.വിദ്വേഷവും പകയും കത്തിനിൽക്കുന്ന ചുകന്ന കണ്ണുകളായിരുന്നു അയാളുടേത്.ഒന്നും മിണ്ടാതെ ദുസ്സഹമായ ഭാവത്തോടെ, കിട്ടിയ ധർമ്മത്തിൽ ഒട്ടും തൃപ്‌തനാവാതെ പോകുന്ന, ഇടക്കിടക്ക് വരാറുണ്ടായിരുന്ന അയാൾ അതിക്രമങ്ങൾ ഒന്നും പ്രവർത്തിച്ചിരുന്നില്ല.കുറച്ച് പ്രായമായ, എന്തിലും അതൃപ്തനായ മറ്റൊരാൾ.എപ്പോഴും അയാൾ പിറുപിറുത്തുകൊണ്ടാണ് മടങ്ങിപ്പോകുക.രസകരമായി, വഴിയിൽ കണ്ട കാഴ്ചകളും, സ്വന്തം വീട്ടുവിശേഷങ്ങളും പങ്കുവച്ചുകൊണ്ട്, ബന്ധുവിനെപ്പോലെ ഒരാൾ വരാറുണ്ടായിരുന്നു. മാറാപ്പുമായി ഇടക്കിടക്ക് വന്നെത്തുന്ന സുന്ദരിമുത്തശ്ശി."ഞാൻ ഇവിടത്തെ കുടുംബക്കാരിയാ, ഇന്ന് പോണില്യ ട്ടൊ" എന്ന് പറയും അവർ. സന്തോഷത്തോടെ ഓർക്കുന്ന ഒരാളാണ് നന്തുണ്ണിക്കാരൻ.മരത്തിൽ ഉണ്ടാക്കിയ നന്തുണ്ണിയിൽ ചെമ്പരത്തിപ്പൂക്കൾ തിരുകി വച്ചിരിക്കും.ഈണത്തിൽ നന്തുണ്ണി മീട്ടി പാട്ടുപാടും.കൊടുത്തത് സന്തോഷത്തോടെ വാങ്ങി മടങ്ങും. പണ്ടൊക്കെ പഴനിക്കു പോകാൻ വ്രതമെടുത്ത് വീടുകളിൽ വന്ന് യാത്രച്ചിലവ് സംഭരിച്ച് പോകുക പതിവുണ്ട്.അവർ തിരിച്ചെത്തിയാൽ പ്രസാദം ഓരോവീട്ടിലും എത്തിക്കാറുമുണ്ട്. ദേഷ്യക്കാരും നിർബന്ധബുദ്ധിയുമുള്ള ചിലരും ധർമ്മം വാങ്ങാനെത്തും.അരിവേണ്ട, പൈസ മതി എന്ന് വാശിപിടിക്കും.കൊടുത്തത് കുറഞ്ഞുപോയാൽ ഉമ്മറത്തേക്ക് വലിച്ചെറിയും. കുട്ടിക്കാലത്ത് കണ്ട മനസ്സിന് വല്ലാതെ വ്യഥ നൽകിയ ഒരു കാഴ്ച.ഏറെ വൃദ്ധനായ അവശനായ ഒരാൾ, ഭക്ഷണം ആവശ്യപ്പെട്ട് മുറ്റത്തിന്റെ ഓരത്തിരുന്നു.മുറ്റത്തു കുഴിയുണ്ടാക്കി അതിൽ വാഴയില കുമ്പിളാക്കിവച്ചു ഭക്ഷണം കഴിച്ചു മടങ്ങിയത്, നോവുന്ന ഓരോർമ്മയാണ് ഇന്നും. അക്കാലത്ത് ധർമ്മക്കാർ ഗ്രാമത്തിന്റെ ഭാഗമായിരുന്നു.ഭിക്ഷ നൽകുന്നത് പുണ്യമായി കരുതിയിരുന്നു.വെറും കൈയ്യോടെ ആരെയും തിരിച്ചയക്കാറില്ലായിരുന്നു.നിരീക്ഷണത്തിൽ കണ്ടെത്തുന്നത് അന്നത്തെ ഭിക്ഷാടനം വേറിട്ടതും, തുലോം ഭീതിജനകവുമല്ലായിരുന്നു.മാറിയ കാലത്ത് ഭിക്ഷാടനം ആധുനീകവും മനുഷ്യത്വരഹിതവുമാണ് എന്ന് പറയാതെ വയ്യ. 

No comments:

Post a Comment